വേദിയിലിരിക്കുന്ന മുഖ്യമന്ത്രിമാരെ, മന്ത്രിമാരെ, മറ്റു നേതാക്കളെ.ഇത്തരമൊരു ചടങ്ങിന് എന്നെ ക്ഷണിച്ചതിൽ ഒരുപാട് നന്ദി. സംസ്ഥാനങ്ങൾ ശക്തമാവാതെ ഇന്ത്യയ്ക്ക് ഒരു ശക്തമായ രാജ്യമായി മാറാൻ കഴിയില്ല. സംസ്ഥാനങ്ങൾ ബലഹീനമാണെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ഏതാനും വർഷം കൊണ്ട് ഇന്ത്യ ഒരു സൂപ്പർ പവർ നേഷൻ ആവും എന്ന് അവകാശപ്പെടാൻ കഴിയില്ല. ഒരു ഡോക്ടർ എന്ന നിലയിൽ എനിക്ക് പറയാൻ കഴിയും, നിങ്ങളുടെ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗം ബലഹീനമാണെങ്കിൽ പിന്നീട് നിങ്ങൾ ഒരിക്കലും ആ പഴയ മനുഷ്യൻ ആവില്ല എന്ന്. ഇതേ അവസ്ഥയാണ് രാജ്യങ്ങൾക്കും. ഏതെങ്കിലും ഒരു സംസ്ഥാനം പിന്നിൽ ആണെങ്കിൽ അഞ്ചു വർഷങ്ങൾക്കുശേഷം ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണ് ഇന്ത്യ എന്ന് ഒരിക്കലും അവകാശപ്പെടാൻ കഴിയില്ല. പ്രതിപക്ഷം എന്ന നിലയ്ക്ക് നമ്മൾ ചെയ്യേണ്ടത് നമ്മൾ ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ്. നമ്മളെ വേർതിരിക്കുന്ന ശക്തികൾക്കെതിരെ പോരാടാൻ നമുക്കു കഴിയണം. നമ്മളെ എല്ലാ തരത്തിലും അവർ വേർതിരിക്കുകയാണ്. ജമ്മു കശ്മീർ മുതൽ താഴെ തമിഴ്നാട് വരെയും, മഹാരാഷ്ട്ര മുതൽ ത്രിപുര വരെയും നീണ്ടുകിടക്കുന്നതാണ് ഇന്ത്യ. അനേകം ഭാഷകൾ. അനേകം മതങ്ങൾ. അനേകം സംസ്കാരങ്ങൾ. അതാണ് ഇന്ത്യയെ സുന്ദരമാക്കുന്നത്. അത് ഒരു പൂന്തോട്ടം പോലെയാണ്. ഒരു പൂന്തോട്ടത്തിൽ ഒരേയൊരു പുഷ്പം മാത്രമാണ് ഉള്ളതെങ്കിൽ അതൊരിക്കലും ഭംഗിയുള്ള ഒരു പൂന്തോട്ടം ആവില്ല. അനേകം പുഷ്പങ്ങൾ ഒരുമിച്ച് നിൽക്കുമ്പോൾ ആണ് ആ പൂന്തോട്ടം സുന്ദരമാകുന്നത്. നിങ്ങൾ കാശ്മീരിലെ പൂന്തോട്ടങ്ങളിലേക്ക് എന്തിനാണ് വരുന്നത്, പ്രകൃതിയുടെ ഭംഗി ആസ്വദിക്കാനല്ലേ. അതാണ് നമുക്ക് ഇന്ത്യയിൽ ഇന്ന് വേണ്ടത്.
കേരളത്തിലെ മുഖ്യമന്ത്രിയും തമിഴ്നാട്ടിലെ മന്ത്രിമാരും പറയുന്നതു കേട്ടു, എങ്ങനെയാണ് അവരെ സാമ്പത്തികമായി കേന്ദ്ര സർക്കാർ ചൂഷണം ചെയ്യുന്നത് എന്ന്. സംസ്ഥാനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്താൽ എങ്ങനെയാണ് രാജ്യം പുരോഗമിക്കുക? കഴിഞ്ഞദിവസം സഭയിൽ ഒരു തമിഴ്നാട് എംപി സംസാരിക്കുന്നത് കേട്ടു തമിഴ്നാട്ടിൽ ഉണ്ടായ വളരെ വിനാശകരമായ ഒരു ചുഴലിക്കാറ്റിനെപ്പറ്റി; അവർക്ക് ഒരു രൂപ പോലും സഹായമായി നൽകാത്തതിനെപ്പറ്റി. കേന്ദ്രത്തിന്റെ ധനം അവർക്ക് തോന്നുംപോലെ മാത്രം വിതരണം ചെയ്താൽ ഉണ്ടാകാവുന്ന ദുരന്തം എന്തെന്നാൽ പതുക്കെ പതുക്കെ ഈ രാജ്യത്ത് ഒരു പാർട്ടി മാത്രം നിലനിൽക്കുന്ന അവസ്ഥ ഉണ്ടാകും. ഞാൻ കാശ്മീരിൽ നിന്ന് വരുന്ന ആളാണ് കേരളത്തിലെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഭാഷയിൽ സംസാരിച്ചത് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. പക്ഷേ അതാണ് ഈ രാജ്യത്തിന്റെ മഹത്വം. അവർക്ക് എന്റെ ഭാഷയും മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷേ നമ്മളെ ഒന്നിപ്പിക്കുന്നത് എന്താണെന്നുവെച്ചാൽ ഒരുമിച്ച് നിന്നാൽ മാത്രമേ നമുക്ക് മുന്നോട്ടു പോകാൻ കഴിയൂ എന്ന തിരിച്ചറിവാണ് . അതിനുവേണ്ടിയാണ് നമ്മൾ പോരാടുന്നത്. ബിജെപി ഭരിക്കുന്നതുകൊണ്ട് മാത്രമല്ല നമ്മൾ അവരെ എതിർക്കുന്നത്. നമ്മൾക്ക് നമ്മുടെ അവകാശങ്ങൾ വേണം. അത് മാത്രം മതി. ഞങ്ങൾക്ക് അവരുടെ രാജ്യമോ അധികാരമോ വേണ്ട. നിങ്ങൾ മറ്റു സംസ്ഥാനങ്ങൾക്ക് എയിംസ് നൽകുന്നുണ്ടല്ലോ? പിന്നെ എന്തുകൊണ്ടാണ് തമിഴ്നാടിനോ അല്ലെങ്കിൽ ബിജെപി ഭരിക്കാത്ത മറ്റു സംസ്ഥാനങ്ങൾക്കോ നൽകാത്തത്? അവർക്കും അതിന് അവകാശമുണ്ട്. പാവപ്പെട്ട അവരുടെ ജനങ്ങൾക്ക് നല്ല ചികിത്സ ഉറപ്പാക്കാൻ അതുമാത്രമാണ് അവർക്ക് വേണ്ടത്. നിങ്ങൾ ഇങ്ങനെ ചൂഷണം ചെയ്താൽ എങ്ങനെയാണ് അവർ പുരോഗതിയിലേക്ക് എത്തുക.
ജമ്മുകശ്മീരിന്റെ കാര്യം നോക്കൂ 1983 ൽ ഇന്ദിരാഗാന്ധി ഭരിച്ചിരുന്ന സമയത്ത് ലഡാക്കിനും ബക്കർബാലകൾക്കും ഗുജ്ജാറുകൾക്കും എസ് ടി പദവി നൽകി. ഭാവിയിൽ ജമ്മുകശ്മീർ ഗവൺമെന്റ് ആവശ്യപ്പെടുകയാണെങ്കിൽ, അതേ അവസ്ഥയിലുള്ള, പഹാഡികൾക്കും എസ് ടി പദവി നൽകാമെന്ന് ഉറപ്പും നൽകി. ഇവിടെയാണ് പ്രശ്നം ഉയരുന്നത്. ഗുജറും ബക്കർ വാലാകളും ഭീതിയിലാണ് അവരുടെ ക്വോട്ട വെട്ടിക്കുറയ്ക്കുമോ എന്ന കാര്യത്തിൽ. പഹാഡികളും പറയുന്നുണ്ട് തങ്ങൾക്ക് ക്വാട്ട തരൂ എന്ന്. ജനങ്ങളെ വീണ്ടും ഭിന്നിപ്പിക്കാനുള്ള നടപടിയാണത്.
നിങ്ങൾ ഇനി എത്ര കാലം മതത്തിന്റെയും ഭാഷയുടെയും സംസ്കാരത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കും? എത്രനാൾ നിങ്ങൾ തമ്മിലടിപ്പിച്ചുകൊണ്ടിരിക്കും. ആഭ്യന്തരമായി രാജ്യം ശക്തമല്ലെങ്കിൽ നിങ്ങൾ എങ്ങനെയാണ് നിങ്ങളുടെ യുദ്ധതന്ത്രങ്ങൾ നടത്തുക? രാജ്യം ആന്തരികമായി ശക്തമല്ലാത്ത, രാജ്യത്തെ ജനങ്ങൾ സന്തോഷത്തിൽ അല്ലാത്ത നിങ്ങൾക്ക് നിങ്ങളുടെ ശത്രുവിനെ നേരിടാൻ കഴിയില്ല. ജനങ്ങൾ സന്തുഷ്ടരല്ലെങ്കിൽ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. നിങ്ങൾക്ക് യുദ്ധം ജയിക്കാൻ കഴിയില്ല. തമിഴ്നാട് മന്ത്രി സൂചിപ്പിച്ചതുപോലെ ആരും അനശ്വരരല്ല. ഒരു ശക്തിയും ശാശ്വതമല്ല. അധികാരം വരും പോകും. പക്ഷേ ജനങ്ങൾ ഓർത്തിരിക്കുക നിങ്ങൾ എന്തു ചെയ്തു എന്നതാണ്. എന്തെല്ലാം നല്ലത് ചെയ്തു എന്തെല്ലാം തെറ്റുചെയ്തു എന്നതാണ്.
പക്ഷേ നല്ലതെല്ലാം നശിപ്പിക്കണമെന്ന പാതയിലേക്ക് നിങ്ങൾ പോകരുത്. എല്ലാ സംസ്ഥാനങ്ങൾക്കും പുരോഗമിക്കണം. എന്റെ സംസ്ഥാനം ശത്രുരാജ്യങ്ങളാൽ ചുറ്റപ്പെട്ടതാണ്. ഒരുമിച്ചു നിന്നാൽ മാത്രമേ ജയിക്കാൻ കഴിയൂ. 370 എടുത്തുകളഞ്ഞപ്പോൾ നിങ്ങൾ അവകാശപ്പെട്ടത് 370 ആണ് തീവ്രവാദത്തിന് കാരണമെന്നാണ്. ഇപ്പോൾ 370 ഇല്ല. പക്ഷേ ഇന്നലെ രണ്ടു നിഷ്കളങ്കരെ ശ്രീനഗർ ടൗണിൽ വെടിവെച്ചിട്ടു. ആരെയാണ് നിങ്ങൾ അതിന് ഉത്തരവാദികളായി കാണുന്നത് 370 നെ ഇനി അങ്ങനെ കാണാനാവില്ലല്ലോ? അപ്പോൾ നിങ്ങളുടെ ഭരണമല്ലേ ഉത്തരവാദി? നിങ്ങൾ ഘോരഘോരം പ്രസംഗിച്ചുകൊണ്ടിരിക്കുന്നു: ഇതാ 370 നീക്കം ചെയ്തിരിക്കുന്നു, എത്ര നല്ല കാര്യമാണ് ഞങ്ങൾ ചെയ്തത് എന്ന് പക്ഷേ ജനങ്ങളുടെ മനസ്സിൽ നിങ്ങൾക്കുള്ള സ്ഥാനം എന്താണ്.? ഇലക്ഷൻ നടത്താനുള്ള ഞങ്ങളുടെ അവകാശത്തെ നിങ്ങൾ നിഷേധിച്ചു. ഇന്ത്യയുടെ ഭരണഘടന പ്രകാരം ഞങ്ങൾക്കുള്ള എല്ലാ അവകാശങ്ങളെയും നിങ്ങൾ കഴിഞ്ഞ അഞ്ചുവർഷമായി നിഷേധിച്ചു വരുന്നു. പഞ്ചായത്തിലും മുൻസിപ്പാലിറ്റികളിലും ഇലക്ഷൻ നടത്താൻ പോകുന്നു എന്ന് ഓർഡർ ഇറക്കുന്നു. എന്നിട്ട് അഞ്ചു ദിവസങ്ങൾക്കുശേഷം ആ ഓർഡർ നിങ്ങൾ അസാധുവാക്കുന്നു. എന്താ ഞങ്ങൾ ഇന്ത്യയുടെ ഭാഗമല്ലേ? ഞങ്ങൾ എന്താ വിദേശരാജ്യങ്ങളിൽ നിന്നു വന്നവരാണോ? അതുകൊണ്ടാണോ നിങ്ങൾ ഞങ്ങളുടെ പ്രാഥമികമായ അവകാശങ്ങളെപ്പോലും നിഷേധിക്കുന്നത്? നിങ്ങൾ എത്ര കാലം ഇങ്ങനെ തുടരും?
ഭരണഘടന പ്രകാരമുള്ള ഞങ്ങളുടെ അവകാശങ്ങൾ ഞങ്ങൾക്ക് തരൂ. അങ്ങനെ ഞങ്ങൾക്ക് രാജ്യത്തിന്റെ കൂടെ പുരോഗമിക്കാം. ആരും ആർക്കും എതിരല്ല. മറ്റു സംസ്ഥാനങ്ങളെപ്പോലെ ഞങ്ങൾക്കും പുരോഗമിക്കണം എന്നതു മാത്രമാണ് ഞങ്ങളുടെ ആവശ്യം. ഏതെങ്കിലും സംസ്ഥാനങ്ങൾ നിങ്ങളുടെ ഭാഗമല്ലെങ്കിൽ അവർ നിങ്ങളെ വണങ്ങി നിൽക്കണം. ഇനി അങ്ങനെ നിന്നില്ലെങ്കിൽ എന്താണ് സംഭവിക്കുക. നിങ്ങൾ ഓർക്കുന്നുണ്ടോ തിരഞ്ഞെടുപ്പിനുമുമ്പ് കർണാടകത്തിൽ വന്ന് ആഭ്യന്തരമന്ത്രി പറഞ്ഞതെന്താണെന്ന്. തങ്ങൾക്ക് വോട്ട് ചെയ്തില്ലെങ്കിൽ നിങ്ങളുടെ സാമ്പത്തിക സ്രോതസ്സുകൾ വെട്ടിക്കുറയ്ക്കും എന്നാണ്. അത് നിങ്ങൾ ഓർക്കുന്നുണ്ടോ? ഇതുതന്നെയാണ് ഇപ്പോൾ സംഭവിക്കുന്നത്. എത്ര നാൾ ജനങ്ങളുടെ അവകാശം നിഷേധിച്ചു കൊണ്ടിരിക്കും. നിങ്ങൾക്ക് ശക്തമായൊരു ഇന്ത്യയെയാണോ ബലഹീനമായ ഇന്ത്യയെ ആണോ വേണ്ടത്. നിങ്ങൾ തീരുമാനിക്കു. നിങ്ങൾക്ക് ശക്തമായ ഒരു ഇന്ത്യയാണ് വേണ്ടതെങ്കിൽ ദൈവത്തെ ഓർത്ത് നിങ്ങൾ പ്രതിപക്ഷത്തെ ശത്രുക്കളായി കാണരുത്. പ്രതിപക്ഷത്തെ രാജ്യത്തിന്റെ സുഹൃത്തുക്കൾ ആയി കാണു. രാജ്യത്തിന്റെ പുരോഗതിക്ക് പ്രതിപക്ഷം അനിവാര്യമാണ്. ഞാൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉള്ള ഒരു കാര്യം ഓർക്കുന്നു. ഞങ്ങൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടായിരുന്നു അപ്പോൾ. മറ്റു ചില പാർട്ടികൾ ഞങ്ങളോട് വന്നു പറഞ്ഞു അവർ ഞങ്ങളുടെ കൂടെ ചേരാം എന്ന്. പക്ഷേ ഞാൻ പറഞ്ഞു ദയവുചെയ്ത് ഞങ്ങളുടെ ഒപ്പം ചേരരുത്; നിങ്ങൾ നിൽക്കുന്നിടത്ത് നിൽക്കൂ; എന്നിട്ട് ഞങ്ങൾക്ക് തെറ്റുപറ്റുമ്പോൾ പറഞ്ഞു തരൂ, നമ്മൾ ഒന്നിച്ചാൽ ഞങ്ങളുടെ തെറ്റുകൾ പറയാൻ ആരും ഉണ്ടാകില്ല, ജനങ്ങൾക്ക് നല്ലത് ചെയ്യാൻ നമ്മൾക്ക് കഴിയില്ല എന്ന്. ഇന്ന് പ്രധാനമന്ത്രി തന്നെ പറയുന്നു പ്രതിപക്ഷം പ്രധാനമാണ് എന്ന്. പ്രധാനമാണെങ്കിൽ ദൈവത്തെയോർത്ത് പ്രതിപക്ഷത്തെ ജീവിക്കാൻ അനുവദിക്കൂ, പാർലമെന്റിൽ നമ്മൾക്ക് സംസാരിക്കാൻ കഴിയുന്നില്ല. പാർലമെന്റ് ഒരു കൂട്ടരുടെ മാത്രമല്ല; പാർലമെന്റ് ചർച്ചകൾക്കുള്ളതാണ്, സംവദിക്കാനുള്ളതാണ്, അതിലൂടെ രാജ്യത്തിന് നല്ലത് നേടിയെടുക്കാനുള്ളതാണ്. ഞങ്ങൾക്ക് ആർക്കും ഇന്ത്യ തോൽക്കണമെന്നില്ല. ഞങ്ങൾക്ക് വേണ്ടത് ഇന്ത്യ എല്ലാ അർത്ഥത്തിലും ശക്തി ആർജ്ജിക്കണം എന്നതാണ്. പ്രതിപക്ഷത്തെ തുടരാൻ അനുവദിച്ചില്ലെങ്കിൽ, അതിജീവിക്കാൻ അനുവദിച്ചില്ലെങ്കിൽ, പുരോഗമിക്കാൻ അനുവദിച്ചില്ലെങ്കിൽ അത് ഒരിക്കലും സാധ്യമാകില്ല. കേരള മുഖ്യമന്ത്രിയോട് ഞാൻ നന്ദി പറയുന്നു. ഈ മീറ്റിംഗ് വിളിച്ചതിൽ. അതിനാൽ എല്ലാവർക്കും മനസ്സിലാകും രാജ്യം എവിടെ നിൽക്കുന്നു എന്ന്. ഞങ്ങൾ രാജ്യത്തിന്റെ ശത്രുക്കളല്ല. ഞങ്ങൾ രാജ്യം പുരോഗമിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. രാജ്യത്തിന്റെ സുഹൃത്തുക്കളാണ്. ഒരു രാജ്യവും എത്താത്തത്ര ഉയരത്തിലേക്ക് നമ്മുടെ രാജ്യം എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. ദയവുചെയ്ത് ഞങ്ങളെ അങ്ങനെ കാണൂ. അത്രയും ഞങ്ങൾക്ക് വേണ്ട, ഞങ്ങളെ രാജ്യത്തിന്റെ സുഹൃത്തുക്കൾ ആയി കണ്ടാൽ മാത്രം മതി. ദൈവം ഈ രാജ്യത്തെ അനുഗ്രഹിക്കട്ടെ, ഈ രാജ്യം പുരോഗതി പ്രാപിക്കട്ടെ. രാജ്യത്ത് മതസൗഹാർദ്ദം നിലനിൽക്കട്ടെ. ഞാനൊരു മുസ്ലിമാണ്. ഞാൻ ഒരു മുസ്ലിം ആയതിൽ അഭിമാനിക്കുന്നു. അതിലേറെ ഞാനൊരു ഇന്ത്യൻ മുസ്ലിം ആയതിൽ അഭിമാനിക്കുന്നു. നിങ്ങൾ ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ സിക്കോ ആയിക്കൊള്ളട്ടെ എല്ലാവരും ഒരുമിച്ച് സൗഹാർദ്ദത്തോടെ പരസ്പരം മനസ്സിലാക്കി ജീവിക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്റെ മതം എന്നോട് പറഞ്ഞത് മറ്റുള്ളവരുടെ ദൈവത്തെ എതിർക്കരുത് എന്നാണ്. ഞാൻ എല്ലാ മതങ്ങളെയും സ്നേഹിക്കുന്നു. എല്ലാ മതങ്ങളും നല്ലത് മാത്രമാണ് പഠിപ്പിക്കുന്നത്. ഒരു മതവും മോശം കാര്യങ്ങൾ പഠിപ്പിക്കുന്നില്ല. ദയവുചെയ്തു നിങ്ങൾ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് നിർത്തു. എല്ലാവരും പരസ്പരം മനസ്സിലാക്കി സന്തോഷത്തോടെ ജീവിച്ചാൽ മാത്രമേ രാജ്യം മുന്നോട്ടുപോകുകയുള്ളൂ. ഈ കൂട്ടായ്മയിലേക്ക് എന്നെ ക്ഷണിച്ചതിന് ഏറെ നന്ദി. കേരള മുഖ്യമന്ത്രീ, നിങ്ങളുടെ പോരാട്ടം ജയിക്കട്ടെ. ഒന്നിച്ചുനിന്ന് നമുക്ക് രാജ്യത്തിന് കാണിച്ചുകൊടുക്കാം, എങ്ങനെയാണ് മുന്നോട്ടു പോകേണ്ടതെന്ന്. ഒന്നിച്ചു നിന്നാൽ മാത്രമേ അത് സാധിക്കുകയുള്ളൂ. വരുന്ന ഇലക്ഷനിലും ഒന്നിച്ചു നിന്ന് നമുക്കത് കാണിച്ചു കൊടുക്കാം.