ഇലക്ടറൽ കോഴ കൊടുത്തത് 25 കോടി
ട്വന്റി ട്വന്റി പാര്‍ട്ടി നേതാവ് സാബു എം ജേക്കബിന്റെ കിറ്റെക്‌സ് ഗ്രൂപ്പ് ഇലക്ടറല്‍ ബോണ്ട് വഴി 25 കോടി രൂപ നല്‍കിയത് ബിആര്‍എസിന്. സുപ്രീകോടതി നിര്‍ദേശത്തെ തുടര്‍ന്ന്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച എസ്ബിഐ നല്‍കിയ വിവരങ്ങളിലാണ് ഈ കണക്കുകളുള്ളത്. കേരളത്തില്‍ വ്യവസായ അന്തരീക്ഷം ഇല്ലെന്ന് ആരോപിച്ച് സാബു എം ജേക്കബ് തെലങ്കാനയില്‍ നിക്ഷേപം നടത്തിയ സമയത്ത് അധികാരത്തിലിരുന്ന പാര്‍ട്ടിയാണ് കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി.ഇന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ടറല്‍ ബോണ്ടുകളുടെ സീരിയല്‍ നമ്പര്‍ അടക്കമുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഇന്ന് വൈകിട്ടാണ് എസ്ബിഐ ബോണ്ടുകളുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. ഏതാണ്ട് ആയിരത്തോളം പേജുകള്‍ വരുന്ന റിപ്പോര്‍ട്ടാണ് കമ്മീഷന്‍ പുറത്തു വിട്ടത്.
ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിയത് സാന്റിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് എന്ന കമ്പനിയാണെന്ന് പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഈ കമ്പനി പ്രധാനമായി ബിജെപി, ഡിഎംകെ, വൈഎസ്ആര്‍, ടിഎംസി, ബിആര്‍എസ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കാണ് ലഭിച്ചതെന്നു വ്യക്തമായി. ഡിഎംകെയ്ക്കാണ് കൂടുതല്‍ ലഭിച്ചത്.
ഇഡിയുടെയും ഐടിയുടെയും അന്വേഷണം നേരിടുന്ന കമ്പനിയാണ് സാന്റിയാഗോ മാര്‍ട്ടിന്റേത്. അതേപോലെ അന്വേഷണം നേരിടുന്ന മേഘാ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്. അവര്‍ നല്‍കിയിരിക്കുന്ന ബോണ്ടുകള്‍ കൂടുതലും ലഭിച്ചത് ബിജെപിക്കാണ്. 2019 പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ ബോണ്ടുകള്‍ കമ്പനി വാങ്ങിയത് എന്നതും ശ്രദ്ധേയമാണ്.
മുത്തൂറ്റ് ഗ്രൂപ്പ് മൂന്നു കോടിയുടെ ബോണ്ടുകള്‍ നല്‍കിയത് ബിജെപിക്കാണ്. ലുലു ഗ്രൂപ്പും ബിജെപിക്ക് രണ്ടു കോടിയുടെ ബോണ്ട് നല്‍കി. ഭാരത് ബയോടെക് 10 കോടി രൂപയുടെ ബോണ്ട് നല്‍കിയത് തെലുഗുദേശം പാര്‍ട്ടിക്കാണ്. ആയിരത്തോളം പേജുകളിലായാണ് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.