ബിജെപി ലീഗുമായി സഖ്യമുണ്ടാക്കണമെന്ന് ടി ജി മോഹൻദാസ്

മുസ്ലിംലീഗുമായി ബിജെപി സഖ്യമുണ്ടാക്കണമെന്ന് ബിജെപി മുൻ സംസ്ഥാന കൺവീനർ ടി ജി മോഹൻദാസ്. സഖ്യം തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനം ലീഗിന് കൈമാറണമെന്നും ടി ജി മോഹനൻദാസ് പറഞ്ഞു. ചാനൽ ചർച്ചകളിൽ ബിജെപിയുടെ പ്രധാന മുഖമായിരുന്നു ജനം ടി വി അവതാരകനായിരുന്ന ടി ജി മോഹൻദാസ്.

എൻറെ വിലയിരുത്തലിൽ കേരള രാഷ്ട്രീയത്തിലെ തറവാടികൾ മുസ്ലിംലീഗാണ്. അവർ വാക്ക് മാറില്ല. മുന്നണി ഒന്നോ രണ്ടോ തവണ മാറിയിട്ടുണ്ട്. അതല്ലാതെ ഓർക്കാപ്പുറത്തു കാലുമാറുക, പുറകിൽ നിന്ന് കുത്തുക, വാഗ്ദാനങ്ങളിൽ നിന്ന് പിന്തിരിയുക ഇതൊന്നും ചെയ്യുന്നവരല്ല മുസ്‍ലിം ലീഗുകാർ. മുസ്ലിംലീഗ് കമ്യൂണൽ പാർട്ടിയല്ല, ഒരു കമ്യൂണിറ്റി പാർട്ടിയാണെന്നും ടി ജി മോഹൻദാസ് പറഞ്ഞു.

കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ എൻഡിഎക്ക് നേട്ടമുണ്ടാക്കാനാകില്ലെന്ന് എൻഡിഎ കേരള ഘടകം കൺവീനറും ബിജെഡിഎസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞതിന് പിന്നാലെയാണ് ടി ജി മോഹൻദാസിന്റെ പ്രതികരണം. അതേസമയം സാധാരണക്കാരും പാർട്ടി അനുഭാവികളും വിളിച്ചാൽ ബിജെപി നേതാക്കൾ ഫോണെടുക്കുന്നില്ലെന്നും ഇനിയെങ്കിലും ആ രീതി മാറ്റണമെന്നും ടി ജി മോഹൻദാസ് ഫേസ്ബുക്കിൽ കുറിച്ചത് കഴിഞ്ഞ ദിവസമാണ്.