സംഘപരിവാറുമായുള്ള തന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ചങ്ങാത്തം പുറത്തുവന്ന ഘട്ടത്തിൽ തന്റെ സംഘപരിവാർ വിരുദ്ധതക്കുള്ള തെളിവായി പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയത് ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം സർക്കാർ ഉപയോഗിക്കുന്നില്ല എന്ന് തെളിയിക്കാൻ നിയമസഭയിൽ നടത്തിയ ഇടപെടലാണ്. ക്ഷേത്രങ്ങളുടെ വരുമാനം സംബന്ധിച്ച് 2015 ഡിസംബറിൽ നിയമസഭയിൽ അദ്ദേഹം അവതരിപ്പിച്ച ഒരു സബ്മിഷന്റെ മറുപടിയായി അന്നത്തെ ദേവസ്വം മന്ത്രി വിഎസ് ശിവകുമാർ മറുപടി നൽകിയിരുന്നു. ഇതാണ് ഒരു മഹാസംഭവമായി അദ്ദേഹം സൂചിപ്പിച്ചത്. കുപ്രസിദ്ധമായ നേമം-തിരുവനന്തപുരം വോട്ടുകച്ചവടം ഫെയിം വിഎസ് ശിവകുമാറിന്റെ മറുപടിയൊക്കെ കാണിച്ച് സംഘപരിവാർ വിരുദ്ധനാണെന്ന് സ്ഥാപിക്കേണ്ടി വരുന്ന ഓരോ അവസ്ഥ.
ഏതായാലും ഇതൊരു മഹാസംഭവമായി തള്ളിയ പ്രതിപക്ഷനേതാവിന്റെ അറിവിലേക്കായി ഒരു കാര്യം. താങ്കൾ നൽകിയ ഒരു സബ്മിഷനിലൂടെ നിയമസഭയിൽ വെളിപ്പെട്ട കാര്യമല്ല അത്. 2005 ജൂലൈയിൽ അന്നത്തെ എൽഡിഎഫ് എംഎൽഎമാർ നൽകിയിട്ടുള്ള നക്ഷത്രച്ചിഹ്നമുള്ള ചോദ്യത്തിന് മറുപടിയായി പബ്ലിക് ഡൊമൈനിൽ വന്ന വിവരമാണ് ക്ഷേത്രവരുമാനം പൊതുഖജനാവിലേക്ക് വരുന്നില്ല എന്നത്. ഒരു പതിറ്റാണ്ട് മുമ്പ് തന്നെ നിയമസഭയിൽ വെളിപ്പെട്ട കാര്യമാണ് തന്റെ മഹാനേട്ടമായി പ്രതിപക്ഷനേതാവ് കൊട്ടിഘോഷിച്ചത്. സംഘപരിവാർ വിരുദ്ധതയിൽ അത്രക്ക് ശുഷ്ക്കമാണ് അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലം